അല്ല ,വെറുതെയല്ല ഒന്നും. വെറുതെയല്ല മൌനം പോലും . വെറുതെയാവുന്നില്ല ശൂന്യതയും

Wednesday, 1 January 2014

അജ്ഞാത മൃതന് പ്രണാമം

അനവധി  അറബിക്കുറിപ്പുകളൊട്ടിച്ച്  വൃത്തികേടാക്കിയ വാതില്‍ തുറന്ന് ക്വാഷ്വാലിറ്റിയിലേക്ക് കടക്കുമ്പോള്‍ , തെക്കേ ചുമരും ചാരി നിന്ന് വയസ്സന്‍ ഘടികാരം ഘോരഘോരം ഛര്‍ദ്ദിക്കുകയായിരുന്നു.
ണേം -- ണേം ---ണേം -
ജനുവരി   ഒന്ന്‍    രണ്ടായിരത്തിപ്പതിമൂന്ന്‍

ക്വാഷ്വാലിറ്റി മുറിയില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വേച്ചു വേച്ചു വരുന്നു.

"ഇങ്ങോട്ട് വരേണ്ട ഡോക്ട്ടരേ ഇയാളല്ലേലുംപോയിക്കിടക്കുവാ.ക്വാഷ്വാലിറ്റി ഡോക്ട്ടര്‍ വെറുതെ ഒന്ന്‍ ഇന്‍ടുബേറ്റ് ചെയ്തെന്നേയുള്ളൂ .ന്യൂ ഇയര്‍ ആയിട്ട് ഇത് കണി കാണേണ്ട " സിസ്റ്റര്‍മാര്‍ സ്നേഹപൂര്‍വ്വം വിലക്കുന്നു.

"നമുക്ക് പറഞ്ഞിട്ടുള്ള കണി ഇതായിരിക്കും .സാരമില്ല "
കര്‍ട്ടന്‍ മാറ്റി രോഗിയുടെ അടുത്തേക്ക്‌ .

മലം,മൂത്രം,ഛര്‍ദ്ദില്‍. ത്രുവേണീ സംഗമം .നിര്‍വാണസുഖത്തില്‍ മൃതന്‍.മുഖത്ത് മരണത്തിന്‍റെ സ്വച്ഛത.
പേര് -----  അറിയില്ല...അണ്‍നോണ്‍ ..അജ്ഞാതന്‍
രാജ്യം -----അറിയില്ല.സ്വര്‍ഗ്ഗമോ നരകമോ --ആ  അറിയില്ല.
നിറം ------ മുഖത്തു നിന്ന് നെഞ്ചിലേക്ക് ഒലിച്ചിറങ്ങുന്ന ഛര്‍ദിലിന്റെയും അടിയില്‍ നിന്ന്‍ നുരഞ്ഞു പതയുന്ന മലത്തിന്‍റെയും പീതഭരിതവര്‍ണ്ണം .


 ക്വാഷ്വാലിറ്റി പേപ്പറില്‍ പലവട്ടം എഴുതിയുറപ്പിച്ചു കഴിഞ്ഞ മരണത്തിനു കീഴില്‍ മറ്റൊരു കുറിപ്പ് കൂടി ചേര്‍ത്ത് ,മരണം അരക്കിട്ടുറപ്പിച്ച്  ഞാന്‍ ഐസീയുവിലെ ഡ്യൂട്ടി മുറിയിലേക്ക് മടങ്ങി.

മുറിയിലെത്തുമ്പോഴേക്കും വാക്കുകള്‍ കൂടിച്ചേര്‍ന്നും മുറിഞ്ഞു പിരിഞ്ഞും ഏതാനും വരികള്‍.കവിതയൊന്നുമായിട്ടല്ല , എഴുതാന്‍ സുഖമുള്ള കുറേ വരികള്‍.
അതിങ്ങനെ ,..

2013ലെ ജനുവരി പിറക്കുന്നത്‌

പതിമൂന്നിലെ ജനുവരി പിറന്നത്‌ 
ക്വഷാലിടിയിലെ അവസാന ബെഡിലാണ്.
പന്ത്രണ്ടിലെ അവസാന പന്ത്രണ്ടടിക്കുമ്പോള്‍
അവസാനക്കിടക്കയില്‍ ഒരു അത്യാസന്ന രോഗി .
(അതോ ആദ്യത്തെ കിടക്കയോ ?
തല തിരിഞ്ഞവന് എന്ത് ആദ്യം,അന്തം,കുന്തം)

തൊണ്ടയിലേക്ക്‌ ടുബിരങ്ങുന്ന തിന്‍ മുന്‍പ്‌ 
അയാളൂരിവിട്ട മലമൂത്രപ്രകമ്പനങ്ങള്‍
അവസാന കിടക്കയിലെ മാദക മലക്കൂമ്പാരം
പരിമളം,പെരുംനാറ്റം .

പെരും നാറ്റത്തിലേക്ക് പെറ്റ് എറിയപ്പെട്ട
എന്‍റെ പതിമൂന്നിലെ ജനുവരി.
പെരും നാറിക്ക് ചേര്‍ന്ന
വരും വര്‍ഷപ്പുലരി.


എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒഴുകിത്തീരുകയോ ഒഴിവായിപ്പോവുകയോ ചെയ്ത കാവ്യനിളയുടെ സ്നേഹം നിറഞ്ഞ തിരിച്ചൊഴുക്കായിരുന്നു അത്.

ഹൌസ്സര്‍ജന്‍സിയും കോളേജ് മാഗസിന്‍ പ്രവര്‍ത്തനവും കൂടിക്കുഴഞ്ഞ  ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തൊന്പതില്‍ പൂട്ടി വെച്ച എഴുത്താവേശത്തിന്റെ  താക്കോല്‍ ,എവിടെ നിന്നാണ് ഇയാള്‍, ഈ അജ്ഞാതന്‍, മൃതന്‍ കണ്ടെടുത്തത് ?

കൂമ്പിപ്പോയ രസമുകുളങ്ങളെ എന്ത് രസതന്ത്രം കൊണ്ടാണ് ഇയാള്‍ ഉത്തേജിപ്പിച്ഛത് ?

മലവും മൂത്രവും മരണവും കൂട്ടിക്കുഴച്ച് എന്ത് ആഭിചാരക്രിയയാണ്  ഇയാള്‍ എന്നില്‍ നടത്തിയത്?

രണ്ടായിരത്തിപ്പതിമൂന്ന്‍ ജനുവരി ഒന്ന് മുതല്‍ എഴുതിപ്പോയ എല്ലാ വാക്കുകളും വരികളും വായാടിത്തങ്ങളും ,ഇനി എഴുതി ഉണ്ടാക്കാവുന്ന എല്ലാ തൊന്തരവുകളും ഞാന്‍ അങ്ങേക്ക് ,അജ്ഞാത മൃതന് സമര്‍പ്പിക്കുന്നു.നിര്‍ദ്ദയം .
പ്രണാമം 
----------------------------------------------------------------------------------
അജ്ഞാത മൃതന്‍  എന്ന് വേണോ അജ്ഞാത മൃതദേഹം  എന്ന് വേണോ എന്നാ സന്ദേഹം രണ്ടാഴ്ച്ചയോളം ഞാന്‍ കൊണ്ടുനടന്നു.ഒടുവില്‍ പ്രണാമം അജ്ഞാത മൃതന് സമര്‍പ്പിച്ചു. അജ്ഞാതനും മൃതനുമാണെങ്കിലും ,പദാന്ത്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന 'ന്‍'കാരം കൊണ്ടായിരിക്കാം അജ്ഞാത മൃതന് ഒരുണര്‍ച്ചയും തുടര്‍ച്ചയുമുണ്ട്.

അജ്ഞാത മൃതദേഹം  അസഹ്യമായ അനാഥത്വം അവതരിപ്പിക്കുന്നു.

മോഹന്‍