അല്ല ,വെറുതെയല്ല ഒന്നും. വെറുതെയല്ല മൌനം പോലും . വെറുതെയാവുന്നില്ല ശൂന്യതയും

Friday 27 December 2013

പുസ്തകക്കെട്ടിലേക്ക്

       ഗള്‍ഫന്മാര്‍ ബോധപൂര്‍വം ഉണ്ടാക്കിയെടുക്കുന്ന ഒരു രോഗാവസ്ഥയുണ്ട്. പ്രവാസദുഃഖം-നഷ്ടബോധം-ഗൃഹാതുരത്വം എന്നിവയൊക്കെ തരാതരം പോലെ ചേര്‍ത്തെടുത്തൊരു ഗള്‍ഫ് സിന്‍ഡ്രോം. പിന്നെ ഇത് മറികടക്കനുള്ള ശ്രമങ്ങളാണ്. പൊതുപ്രവര്‍ത്തനം,പള്ളി,അമ്പലം,കമ്മിറ്റികള്‍,തുലാത്തിലും വൃശ്ചികത്തിലും നടക്കുന്ന ഓണാഘോഷങ്ങള്‍,ജനുവരി ഫെബ്രുവരി മാസങ്ങളിലെ ക്രിസ്ത്മസ്,ഫേസ് ബുക്ക് ,ബ്ലോഗ്‌ എന്നിവയൊക്കെയാണ് നിലവിലുള്ള ചികിത്സാവിധികള്‍. തരക്കേടില്ലാത്ത സ്ഥിരവരുമാനക്കാര്‍ക്ക് ശമ്പളദിവസങ്ങളില്‍ നേരിയ രോഗശമനമുണ്ടാകും.
 അമ്മയും ഭാര്യയും മക്കളും കൂടെയുണ്ടായിട്ടും ഈ സിന്‍ഡ്രോം ഞാനും കൊണ്ട് നടന്നിരുന്നു. കുറച്ചു നാളത്തെ പ്രതിരോധശ്രമങ്ങള്‍ക്കുശേഷം ഞാന്‍ വളര്‍ത്തിയെടുത്ത അതിജീവന ആയുധങ്ങളായിരുന്നു,വായനയും യാത്രയും എഴുത്തും. ജൂണ്‍-ജൂലായ്‌ മാസങ്ങളിലെ വാഷികാവധിദിവസങ്ങളിലെ പ്രമുഖ സന്തോഷങ്ങള്‍ പുസ്തകക്കെട്ടുകളുടെ ശേഖരണവും യാത്രകളുമാണ്.വിവിധ ഓണ്‍ലൈന്‍ പുസ്തകക്കടകളില്‍ നിന്ന് ഒരു വര്ഷം നീണ്ടു നില്‍ക്കുന്ന വാങ്ങലുകള്‍ കെട്ടുകെട്ടായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ കാത്തിരിക്കുന്നുണ്ടാവും.അവയില്‍ എനിക്കും മക്കള്‍ക്കുമുള്ളതായ വലിയൊരു അക്ഷരപ്രപഞ്ചം വിങ്ങി നില്‍ക്കുന്നുണ്ടാവും. ഇരുപത്തഞ്ചു-മുപ്പതു കിലോയോളം പുസ്തകങ്ങളുമായാണ് തിരിച്ചു പറക്കല്‍. ബാക്കിയുള്ളവ പലപ്പോഴായി എത്തിച്ചു തരുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി. നാട്ടിലേക്കുള്ള പറക്കലും ഇത് പോലൊരു കെട്ടുമായിട്ടാണ്,വായിച്ചു തീര്‍ന്ന പുസ്തകങ്ങള്‍.
  നിരക്ഷരനെന്നു വിനയപ്പെടുന്ന,അതീവ സാക്ഷരനായ മനോജ്‌ രവീന്ദ്രന്‍റെ കുറിപ്പാണ്,കഴിഞ്ഞ വര്‍ഷം വായിച്ച പുസ്തകങ്ങളുടെ ഒരു കണക്കെടുക്കാന്‍ പ്രേരണയായത്. പട്ടിക തയ്യാറായിക്കഴിഞ്ഞപ്പോള്‍ ഇത്രയൊക്കെ വായിച്ചല്ലോ എന്ന ആത്മസംതൃപ്തി . ഈ വലിയ സന്തോഷത്തിന് നിരക്ഷരനും നന്ദി.



പുസ്തകങ്ങള്‍ ----

എസ.കെ. പൊറ്റക്കാടിന്റെ കഥകള്‍
ഭൂമിയുടെ കാവല്‍ക്കാരന്‍ - അയ്യപ്പന്‍
ദല്‍ഹി ഗാഥകള്‍ - മുകുന്ദന്‍
ഹൈമവതഭൂവില്‍ - വീരേന്ദ്രകുമാര്‍
ചിതയിലെ വെളിച്ചം – എം.എന്‍.വിജയന്‍
നല്ലവനായ യേശുവും വഞ്ചകനായ ക്രിസ്തുവും- ഫിലിപ് പുള്‍മാന്‍
ആമേന്‍ - ജെസ്മി
സഞ്ചാരസാഹിത്യം വോള്യം ഒന്ന് –എസ.കെ പൊറ്റക്കാട്
എന്‍റെ വൈദികജീവിതം –ഒരു തുറന്നെഴുത്ത്  -ഷിബു.കെ.പി
ഒരുവള്‍ നടന്ന വഴികള്‍ - സാറാ ജോസഫ്‌
മഞ്ഞവെയില്‍ മരണങ്ങള്‍ - ബെന്യാമിന്‍
ലിയോനാര്‍ഡോ ഡാവിഞ്ചി – സത്യന്‍ കല്ലുരുട്ടി
സംഭാഷണങ്ങള്‍ - എം.എന്‍.വിജയന്‍
ഓഹരിയിലൂടെ എങ്ങനെ നേട്ടം കൊയ്യാം – പൊറിഞ്ചു വെളിയത്ത്
ദേസ്തയോവ്സ്ക്കി – ജി.എന്‍.പണിക്കര്‍
ഹിമാലയ നാമ നഗാധി രാജ – എം.സ്വര്‍ണ്ണലത
സ്വരഭേദങ്ങള്‍ - ഭാഗ്യലക്ഷ്മി
collected stories – Marquez
ലാവലിന്‍ രേഖകളിലൂടെ – സി.ആര്‍.നീലകണ്ഠന്‍
ഒരു ദേശത്തിന്റെ കഥ – പൊറ്റക്കാട് –തുടരുന്നു
collected works – Franz Kafka – തുടരുന്നു
ഈ കൂട്ടത്തില്‍ വായിച്ചു പോയതില്‍ ഇന്നും പശ്ചാത്തപിക്കുന്ന ,രണ്ടു പുസ്തകങ്ങളാണ് ,ആമേനും എന്‍റെ വൈദികജീവിതവും..ആദ്യത്തേത് ഏതു പോലീസുകാരനും പറ്റാവുന്ന തെറ്റായിരുന്നെങ്കില്‍ രണ്ടാമത്തേത് എന്‍റെ ‘ഒളിഞ്ഞു നോട്ട വായനക്ക്’ കിട്ടിയ ശിക്ഷയായിരുന്നു.ശിക്ഷ ഫലിച്ചു.ഇപ്പോള്‍ അത്തരം പുസ്തകങ്ങള്‍ ഔട്ട്‌ 
.
അനേകം പാര്‍ശ്വഫലങ്ങളുള്ള ഒരു ഗുളികയായിരുന്നു ‘ഹൈമവതഭൂവില്‍’. യാത്രാനുഭവത്തേക്കാള്‍ പുരാണകഥകളുടെ ഒരു ശേഖരമാണ് ഈ പുസ്തകം. ഒരു ഹിമാലയ യാത്രക്ക് മോഹിപ്പിക്കുന്നില്ല ഈ പുസ്തകം.അത് ചെയ്തത് സ്വര്‍ണ്ണലതയുടെ പുസ്തകമാണ് .

 സഞ്ചാരസഹിത്യം-ഇതായിരുന്നു യഥാര്‍ത്ഥ യാത്രാനുഭവം .ഇതിന്റെ രണ്ടാം വോല്യും മോഹിപ്പിച്ചു കൊണ്ട് അലമാരയിലിരുപ്പുണ്ട്.

ഭൂമിയുടെ കാവല്‍ക്കാരന്‍ എന്‍റെ കവിതയുടെയും സങ്കടങ്ങളുടെയും കാവല്‍ക്കാരനാണ്‌.ഏപ്പോഴും കൂടെയുണ്ട്
 .
മഞ്ഞവെയില്‍ മരണങ്ങള്‍ ,ഞങ്ങള്‍ തൃശൂര്‍ക്കാര്‍ക്ക് –ഇടിവെട്ട് സാധനം ഗഡീ
 എല്ലാ കൂട്ടുകാര്‍ക്കും വായനാ സമ്പന്നമായ ഒരു രണ്ടായിരത്തി പതിനാല് ആശംസിക്കുന്നു.

മോഹന്‍ 

Thursday 19 December 2013

മരണത്തില്‍ കരയുന്നത്

ഓപ്പറേഷന്‍ തിയേറ്ററിനു  മുന്നിലെ ഇടനാഴിയിലൂടെയുള്ള  അന്നത്തെ വരവ് വ്യത്യസ്തമായിരുന്നു .ചുറ്റുമുള്ളവരുമായി ചിരിച്ചും രസിച്ചും നല്ലതും ചീത്തയും പറഞ്ഞും ഒരാരവമായിരുന്നു മുമ്പൊക്കെ ആ വരവ്.ഇന്നിതാ
ഏകനായി ,തല കുനിച്ചു,അത്ര നിശ്ചയം പോരാത്ത കാലടികളുമായി  എസ്സാം ബാബ (ഡോ.എസ്സാം) നടന്നു വന്നു.

സുഖ(രോഗ)വിവരങ്ങളും പറഞ്ഞ് ,കൈ പിടിച്ച് കണ്‍സള്‍ട്ടന്റ്സ്  മുറിയില്‍ കൊണ്ടിരുത്തുംപോള്‍  അറുപത്തഞ്ചു  വര്‍ഷം ഓടിത്തീര്‍ത്തതിന്റെ പലസ്തീനിയന്‍  കിതപ്പ് ശല്യപ്പെടുത്തി.മേശപ്പുറത്തെ എക്സ് റേകളിലേക്കും മെഡിക്കല്‍ റിപ്പോര്‍ട്ടുകളിലേക്കും ചൂണ്ടിപ്പറഞ്ഞു-എല്ലാം നോര്‍മ്മലാണ്.പക്ഷേ ഒന്നും അത്ര നോര്‍മ്മലായിരുന്നില്ല.                                               മരണത്തിന്‍റെ വിരൂപലിപികള്‍ വെളുത്ത മുഖത്ത് വിളര്‍ത്തു കിടന്നിരുന്നു. കുറച്ചു സമയം കൂടെയിരുന്ന് തിരിച്ചു പോരുമ്പോള്‍ ,അപസ്വരങ്ങളില്ലാതെ നല്‍കിയ അഞ്ചെട്ട് നിമിഷങ്ങള്‍ക്കായിട്ടായിരിക്കാം ,അദ്ദേഹം നന്ദി പറഞ്ഞു.

വൈകുന്നേരം ഡൂട്ടി റൂമില്‍ ചെന്ന്  കിടന്നപ്പോള്‍ ,പത്തു വര്‍ഷത്തെ ഓര്‍മ്മക്കെട്ടുകളുമായി എസ്സാം ബാബ വീണ്ടും വന്നു,പ്രാഞ്ചി പ്രാഞ്ചി ,മനസ്സിന്‍റെ പടി കടന്ന്. കലഹിച്ചും ചിരിച്ചും വഴക്കിട്ടും വഴങ്ങിയും കഴിഞ്ഞു പോയ ഒരു പാട്  നേരങ്ങളുടെ തിരച്ചിത്രങ്ങളുമായി ഞങ്ങളങ്ങനെ കൂനിക്കൂടിയിരുന്നു.കുറേ നേരം.നല്ല നേരങ്ങള്‍ക്ക് ഞാന്‍ അദ്ദേഹത്തേയും ചീത്ത നേരങ്ങള്‍ക്ക് എന്നെയും ന്യായീകരിച്ചു കളിച്ചു.

സത്യം.ഞാന്‍ അത്ഭുതപ്പെട്ടില്ല,എന്തു കൊണ്ടിപ്പോള്‍ ഈ പുനര്‍വായനയെന്നു്. ഓര്‍മ്മപ്പെടുത്തലുകളുടേയും പൊറുക്കലുകളുടെയും ഈ മുഹൂര്‍ത്തം അബോധമനസ്സ് കുറിച്ചു കഴിഞ്ഞിരുന്നു.

പിറ്റേന്ന്  ഉച്ചക്ക് ബാബയുടെ മരണം കൂട്ടുകാര്‍ വിളിച്ചു പറഞ്ഞപ്പോള്‍  എന്നിട്ടും ഞാന്‍ പതറിപ്പോയി.മിനിയും കൂട്ടിയെത്തുമ്പോള്‍,എത്രയോ കാലം ജോലി ചെയ്ത  ICU വില്‍ ,അഞ്ചാം നമ്പര്‍ കിടക്കയില്‍ ,അദ്ദേഹം വെള്ള പുതച്ചു കിടന്നു. ക്ഷമാപണഭാവത്തില്‍ ഒരു വെന്റിലേറ്റര്‍ അരികില്‍ തല കുനിച്ചു നിന്നു.

കാല്‍ക്കല്‍ നിശബ്ദനായി ഞാന്‍ നിന്നു.രണ്ടു മിനിട്ടോളം. ശാന്തമായ ആ രണ്ടു നിമിഷങ്ങള്‍ക്കും ബാബ നന്ദി പറഞ്ഞിരിക്കാം.

മാസ്സലാമ.
-----------------------------
അന്നത്തെ ഡയറി യിലിങ്ങനെ എഴുതിപ്പോയി............
  മരണത്തില്‍ കരയുന്നത് അടുപ്പങ്ങള്‍ മാത്രമല്ല.
  അകലങ്ങലുമാണ്.
  ലോഹ്യങ്ങള്‍ മാത്രമല്ല.കലഹങ്ങളുമാണ്.
  വണക്കങ്ങള്‍  മാത്രമല്ല ,പിണക്കങ്ങളുമാണ്.

Thursday 12 September 2013

മരണചിന്തകള്‍


ആഗസ്ത് 21
ഓപ്പറേഷന്‍ തിയേറ്ററിലെ വസ്ത്രധാരണ മുറിയില്‍ അവന്‍ കിടന്നു.തിയേറ്ററിലേക്കുള്ള നീലക്കുപ്പായങ്ങളണിഞ്ഞു്,ക്യാപ്പ് വെച്ച്,മാസ്ക് കെട്ടി കൈകളില്‍ ഗ്ലൌസുകളിട്ടു്,ഒരു കോമാളിയെപ്പോലെ അവന്‍ മരിച്ചു കിടന്നു .ഒരു ഇരുപത്തിനാലുകാരിയുടെയും മൂന്നു മാസക്കാരിയുടെയും ജീവിതങ്ങള്‍ കാരുണ്യവാനായ ദൈവം ജപ്തി ചെയ്തെടുത്തു.കാരണം കാണിക്കാതെ,നോട്ടീസില്ലാതെ. കൂട്ടുകാരെല്ലാം നേരിട്ട് ചെന്ന് വിട പറഞ്ഞപ്പോള്‍ ഞാന്‍ പുറത്തു നിന്നു. അതിനൊക്കെ ഇനിയും നേടിയെടുക്കേണ്ട ഒരു പാട് മനക്കരുത്ത് വേണം. അത് കൊണ്ട് മനസ്സ് കൊണ്ട് ഒരു മാസ്സലാമ.

സെപ്റ്റംബര്‍ 5
രാത്രി ഒന്‍പതരക്ക് നേഴ്സുമാരുമായി വന്ന വാന്‍ മൂന്ന് നാല് വട്ടം തലകുത്തി മറിഞ്ഞു നിന്നപ്പോള്‍ ഒരാള്‍ റോഡില്‍ നിശ്ചലയായി കിടന്നു.കൂട്ടുകാര്‍ വേദനകൊണ്ടും ഭയം കൊണ്ടും വാവിട്ടുകരഞ്ഞപ്പോള്‍ ഒരാള്‍ മാത്രം നിശബ്ദമായി ജീവിതത്തില്‍നിന്ന് ഇറങ്ങി നടന്നു. ഉപചാരപൂര്‍വ്വം ചരമ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തെങ്കിലും ആ നിശ്ചല ശരീരത്തിലേക്ക് നോക്കിയില്ല. കരഞ്ഞു തളരുന്ന ഒരച്ഛന്റേയും മകളുടെയും ചലന ചിത്രം കണ്ണുകളില്‍ ജലമറയിട്ടു കഴിഞ്ഞിരുന്നു.

തൊഴില്‍ ചമയങ്ങളോടെ അവര്‍  മറഞ്ഞുപോയി. രാജിവെക്കാതെ,വിടപറയാതെ, ഞങ്ങള്‍ പറയുമായിരുന്ന നല്ല വാക്കുകള്‍ക്ക് കാത്തു നില്‍ക്കാതെ, അവര്‍ പിരിഞ്ഞു പോയി.

ഇത്ര ധൃതിയിലെന്തിനാണ് അവര്‍ പോയത്? അതും ഇത്ര ദൂരത്തേക്ക്!

ആകസ്മികതകള്‍  കൊണ്ടും നഷ്ടങ്ങളുടെ പെരുപ്പം കൊണ്ടും ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുമ്പോഴും, മരണം അതിന്റെ വൈവിധ്യം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തും. ഒന്നോ രണ്ടോ കരച്ചില്‍ അകമ്പടി സേവിക്കുന്ന ഒരു ഏകജാലക സംവിധാനം മാത്രമാണ് ജനനം. മരണമോ? എത്രയോ ദിവസം നീണ്ടു നില്‍ക്കുന്ന കരച്ചിലുകള്‍,വിങ്ങലുകള്‍,വേദന ചേര്‍ത്ത ഓര്‍മ്മകള്‍ .

മരണം ചിലപ്പോള്‍ ഇരകളെ ഒറ്റക്കൊറ്റക്ക്‌ പിടികൂടുന്നു.ചിലപ്പോള്‍ കൂട്ടത്തോടെ. ചിലപ്പോള്‍ നാം അവനെ ക്ഷണിക്കുന്നു. ചിലരെ അവന്‍ വന്നു ക്ഷണിക്കുന്നു. ചിലപ്പോള്‍ കൂട്ടത്തോടെ യുധ്ദമുഖത്തേക്കെറിഞ്ഞു വറുത്തെടുക്കുന്നു. വെള്ളത്തിലേക്ക് താഴ്ത്തി അലിയിച്ചു കളയുന്നു. കൊട്ടത്തേങ്ങ തലയില്‍ വീഴ്ത്തി കളിയാക്കിക്കൊല്ലുന്നു .ചോരയില്‍ കുതിര്‍ത്തിക്കളയുന്നു ചിലപ്പോള്‍. ചിലപ്പോള്‍ രക്ത രഹിത വിപ്ലവം. എന്തൊരു വൈവിധ്യം. ദൈവത്തെക്കാള്‍ വലിയ ശില്പ്പിയോ മരണം?

ജീവിതമെന്ന തിരനാടകത്തിലെ അവാര്‍ഡുകളെല്ലാം മരണത്തിനു തന്നെ. നല്ല കഥയും തിരക്കഥയും അവന്റേത്. നല്ല പശ്ചാത്തലവും സംഗീതവും അവനൊരുക്കിയത്. ഒറ്റ സീനിലെ തകര്‍പ്പന്‍ അഭിനയത്തിലൂടെ നല്ല നടനും അവന്‍ തന്നെ.


ജനനത്തോടെ തുടങ്ങുന്ന സംഭവങ്ങളെല്ലാം മരണത്തോടെ ഓര്‍മകളാവുന്നു. നിറം മങ്ങിത്തുടങ്ങിയ സംഭവങ്ങള്‍ അപ്പോള്‍ നീറിപ്പിടിക്കുന്ന ഓര്‍മ്മകളാവും. നമ്മളോരോരുത്തരും ഓര്‍മ്മകളാവുന്നത് വരെ അത് നീറി നീറി നില്‍ക്കും.


Tuesday 27 August 2013

വസന്തം കൊണ്ടുവരാത്ത മുല്ലപ്പൂക്കള്‍



വസന്തത്തെ കൊണ്ട് വരുന്നില്ലെങ്കില്‍ ഈ പൂക്കള്‍ എന്തിനാണ് വിരി ഞ്ഞത്?
ആയിരങ്ങളുടെയും ലക്ഷങ്ങളുടെയും ചോരയൊഴിച്ചു വളര്‍ത്തിയ വിപ്ലവച്ചെടികള്‍ പരാഗരഹിത പുഷ്പ്പങ്ങളെയാണോ വിരിയിക്കുന്നത്? ടുണീഷ്യയില്‍,ലിബിയയില്‍,ഈജിപ്തില്‍,യെമനില്‍ -വസന്തം പിണങ്ങി നില്‍ക്കുന്ന പൂന്തോട്ടങ്ങളാണ് എല്ലായിടത്തും .ഇന്ത്യയില്‍ ജനിതക ദോഷം കൊണ്ട് വിരിയാതെ പോയ ഒരു പൂവായിരുന്നു അണ്ണാ ഹസാരയുടെ പ്രസ്ഥാനം .
വിദേശാധിപത്ത്യത്തിനെതിരെ ,അധിനിവേശങ്ങള്‍ക്കെതിരെ ,ഏകാധി പത്യങ്ങള്‍ക്കെതിരെ-എപ്പോഴൊക്കെ സമരങ്ങളോ വിപ്ലവങ്ങളോ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ രാജ്യങ്ങള്‍ രക്തരൂക്ഷിതവും അനാവശ്യവുമായ ആഭ്യന്തരയുദ്ധത്തിലൂടെ കടന്നു പോയിട്ടുണ്ട്,പല കാരണങ്ങളാല്‍ . ഇന്ത്യയുടെ സ്വാതന്ത്ര്യവും വിഭജനകാല ലഹളകളും ഓര്‍ക്കുക.
ഇറാഖും ഈജിപ്തും ലിബിയയുമൊക്കെ സമീപകാല ഉദാഹരണങ്ങള്‍. അല്പമൊക്കെ വിജയമെന്ന് സൂചിപ്പിക്കവുന്നത് ഇറാന്‍ മാത്രമായിരിക്കും.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിപ്ലവ ദല്ലാളായി മേനി നടിക്കുകയാണ് അമേരിക്ക. വിപ്ലവച്ചെടികള്‍ നട്ടും, അവയിലെ മൊട്ടുകള്‍ ഇറുത്തു കളഞ്ഞും,കൃഷി പരിചയം നേടി  അമേരിക്ക കണ്ണ് വെക്കുന്നത് ചൈനയിലെ മണ്ണാണ്.ഇത്തിരി ചുവപ്പൊക്കെ ഇപ്പോഴും ബാക്കി വെക്കുന്ന മണ്ണ്.

വന്ധ്യതയുടെ മണം പരത്തുന്ന പാഴ്പൂക്കള്‍ കൊഴിഞ്ഞോട്ടെ . പക്ഷേ മാനവ രാശിക്ക് ഉറപ്പാക്കാന്‍ കഴിയട്ടെ കായ്ഫലമുള്ള വൃക്ഷങ്ങള്‍ ഇനിയും വളര്‍ത്തിയെടുക്കാമെന്ന് . 

Saturday 17 August 2013

ജന്മദിനങ്ങളുടെ ഗന്ധം


ആഗസ്ത് പതിനെട്ട്

ഓര്‍മ്മകളിലെ ആദ്യകാല ജന്മദിനങ്ങള്‍ക്ക് വറുത്തു പൊടിക്കുന്ന ചെറുപയറിന്‍റെ മണമാണ്. അതിരാവിലെ എഴുന്നേറ്റു അപ്പച്ചനും അമ്മച്ചിയും പിറന്നാള്‍ പായസത്തിന്‍റെ പണി തുടങ്ങും. അന്നൊക്കെ ഞങ്ങള്‍ കുഗ്രാമക്കാര്‍ക്ക് അതൊരു പണി തന്നെയാണ്. പയസക്കിറ്റുകളൊന്നുമില്ല. പരിപ്പ് പോലും ചെറുപയര്‍ വറത്തുണ്ടാക്കണം. ഞങ്ങള്‍ കുട്ടികളുടെ ഉറക്കത്തെ ശല്യപ്പെടുത്താതെ ഒതുക്കത്തിലവര്‍ ജോലി ചെയ്യും.

പായസം കാലായി വരുമ്പോള്‍ ഒരു ആറു മണിയൊക്കെ ആവും. അപ്പോള്‍ അപ്പച്ചന്‍ ഒരു തവി പഞ്ചസാരയുമായി തട്ടി വിളിക്കും. കണ്ണ് തിരുമ്പി പായയില്‍ തന്നെ ഇരിക്കുന്ന എന്‍റെ വായിലേക്ക് ആ പഞ്ചാര വെച്ചു തരും.”നല്ല കുട്ടിയായി വളരണം ട്ടോ.” അമ്മച്ചി സ്നേഹത്തോടെ പറയും.അപ്പച്ചന്‍ വാത്സല്യം കൊണ്ട് വിറയ്ക്കുന്ന കൈകള്‍ പുറത്തും തലയിലും ചേര്‍ത്തു വെക്കും.ഞങ്ങള്‍ ആ കരുതലുകളുടെ പുളച്ചിലില്‍ വെറുതെ വിതുമ്പും.അപ്പോള്‍ വറുത്തു പൊടിച്ച ചെറുപയറിന്റെ മണം അടുപ്പത്തു തിളയ്ക്കുന്ന പായസത്തേയും തോല്‍പ്പിച്ചു മൂക്കിലേക്കടിച്ചു കയറും. മിഠായികളില്ല. ഹാപ്പി ബെര്‍ത്ത്‌ ഡേ പാട്ടുകളില്ല. സുഹൃത് സത്ക്കാരങ്ങളില്ല. പക്ഷേ ,അന്ന് മുഴുവന്‍ ആ സ്നേഹപ്പെയ്ത്തില്‍ ഞങ്ങള്‍ കുതിര്‍ന്നു കിടക്കും .

 വര്‍ഷങ്ങള്‍ കടന്നു പോകവേ ,ജന്മദിനങ്ങളില്‍ നിന്ന് ആദ്യം പഞ്ചാര സ്പൂണും പിന്നെ പായസവും നിശബ്ദം ഇറങ്ങിപ്പോയി.

 പിന്നെ ഒരുപാടു ജന്മദിനങ്ങള്‍ എനിക്കും ലോകത്തിനും വേണ്ടാത്ത പോലെ കഴിഞ്ഞുപോയി.

 ജന്മദിനപ്പകലുകളിലേക്ക് നിറമുള്ള പൂക്കള്‍ പാറിവീഴുന്നത് ആഗസ്ത് മാസത്തിലെ പ്രേമക്കാറ്റിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസകാലം. ആഗസ്ത് പതിനെട്ടിന് രാവിലെ കിട്ടുന്ന ആശംസാകാര്‍ഡിനുള്ളില്‍ കെട്ടിപ്പിടിക്കാന്‍ വെമ്പുന്ന ഒരു കൊച്ചു ഹൃദയം കലപില കൂട്ടുന്നുണ്ടാവും. അപ്പോഴും എവിടെ നിന്നോ ചെറുപയര്‍ പരിപ്പിന്റെ മണം വന്നു നിറയും
.
  ഗൃഹസ്ഥാശ്രമത്തില്‍ ജന്മദിനങ്ങള്‍ അപ്പുവും അമ്മുവും  മിനിയും അമ്മയും ചേര്‍ന്ന സന്തോഷവേളകളായി. ചിലപ്പോള്‍ ചെറിയ സമ്മാനങ്ങള്‍, കൊച്ചു തമാശകള്‍,അത്ഭുതപ്പെടുത്തലുകള്‍.പയസത്തിളപ്പിന്റെ മധുരത്തിലേക്ക്, തീറ്റ പ്രിയനായ എനിക്ക്, കോഴി ബിരിയാണിയുടെ എരിവുകൂടി ചേര്‍ത്തു വെച്ചു , സ്നേഹത്തിന്‍റെ കരുതല്‍ ശേഖരമായ അമ്മ.

 ഇന്നിതാ ഒരു ജന്മദിനം കൂടി.

 പിറന്നാളിന്റെ ആദിമഗന്ധം നുകരാന്‍ ഞാന്‍ ചെന്ന് നില്‍ക്കട്ടെ ,പഴയ മൂന്ന് മുറി വീടിന്‍റെ അടുക്കള വാതില്ക്കല്‍ . ഒരു നുള്ള് പഞ്ചസാര വായിലിട്ട് നുണഞ്ഞ്.
ഉണ്ട് ,ഇപ്പോഴും സിരകളിലേക്ക് കിനിഞ്ഞിറങ്ങുന്നുണ്ട്,വറത്തു പൊടിച്ച ചെറുപയറിന്റെ  സ്നേഹഗന്ധം.

മോഹന്‍ 

Thursday 15 August 2013

ജസീറയാണ് താരം

ഉമ്മന്‍ ചാണ്ടീ, നിങ്ങളവരെ വീണ്ടും കമ്മ്യുണിസ്റ്റാക്കി എന്ന് ശീര്‍ഷകമിട്ടു ഒരു കുറിപ്പ് എഴുതിത്തുടങ്ങിയതാണ്.ഒരു ഉള്‍വിളി പോലെ നിര്‍ത്തി വെച്ചു.വരട്ടെ , രണ്ടു ദിവസം കഴിയട്ടെ. പതിമൂന്നിനു മനസ്സിലായി.ഇല്ല ഒരു രാത്രികൊണ്ട്‌ ഒന്നും മാറുന്നില്ല.

പതിമൂന്നാം തിയതി ഉച്ചക്ക് 12.30 നു ഉറപ്പിച്ചു,അതെ ജസീറയാണ് താരം.ഉയര്‍ത്തിക്കെട്ടിയ സ്റ്റേജില് നിവര്‍ന്ന് നില്‍ക്കുന്ന നേതാക്കളേക്കാള്‍ പൊക്കം താഴെ കുഞ്ഞുങ്ങളെയും ചേര്‍ത്തു പിടിച്ചിരിക്കുന്ന ജസീരക്ക് തന്നെ.സമരമാലിന്യങ്ങളില്‍ നിന്ന് ക്യാമറ പിന്‍വലിക്കുക.സെക്രട്ടേറിയറ്റിന്റെ മതിലും ചാരിയിരിക്കുന്ന പര്‍ദയിട്ട സ്ത്രീയിലേക്ക് സൂം ചെയ്യുക. എന്നിട്ട് പ്രതിബദ്ധതയുടെ വൈഡ് ആംഗിള്‍ ഷോട്ടിട്ടു നോക്കൂ .ജസീറയും മക്കളും ജ്വലിച്ചു നില്‍ക്കുന്നത് കാണാം .
ചുവന്ന കൊടികളുടെ പ്രളയത്തേക്കാള്‍ കൊടിയില്ലാത്ത ‘ജസീറാ-കലാപം’ തന്നെ ആവേശം.ഇതൊരു അരാഷ്ട്രീയ ചിന്തയാണോ? അറിയില്ല.പക്ഷേ ഞാനതില്‍ ലജ്ജിക്കുന്നില്ല.



ഒറ്റയാള്‍ പോരാട്ടങ്ങള്‍ നിഷ്ഫലമാവുന്നതിനെക്കുറിച്ച് എന്തിന് സങ്കടപ്പെടണം.ഒരു ലക്ഷത്തിന്‍റെ നിറപ്പകിട്ടും ഒന്നേകാല്‍ ദിവസത്തിന്‍റെ അനശ്ചിതത്വവും എന്തു നേടി. ചോദ്യപ്പേപ്പര്‍ ചോര്‍ന്നു കിട്ടിയ പരീക്ഷയില്‍ ഉമ്മന്‍ ചാണ്ടിക്ക് ഒന്നാം റാങ്കും സര്‍ട്ടിക്കറ്റും
 .
ജസീറയും മക്കളും വളയുകയാണ്‌ ,നമ്മുടെ ഒത്തുതീര്‍പ്പ് മനസ്ഥിതിയെ. നമ്മുടെ കാപട്യങ്ങളിലേക്ക് അവര്‍ നിശബ്ദം മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്.
എങ്ങനെ പുറത്തു കടക്കും ഈ ഉപരോധത്തില്‍ നിന്ന് ?

എവിടെ തുറന്നിടാമെന്നു പറഞ്ഞ കണ്ടോണ്മെന്‍റ് ഗെയ്റ്റ് ?

Tuesday 13 August 2013

ഇനിയും തീരാത്ത സ്വാതന്ത്ര്യങ്ങള്‍




 ഒരു സ്വാതന്ത്ര്യദിനം കൂടി

എല്ലാവര്ക്കും സ്വാതന്ത്ര്യദിനാശംസകള്‍

ഇനിയും നമുക്ക് നഷ്ടപ്പെട്ടിട്ടില്ലാത്ത കുറച്ചു സ്വാതന്ത്ര്യങ്ങള്‍

·        ചാലിയാറിലെയും പമ്പയിലെയും ഗംഗയിലെയും മലിനജലം അശുദ്ധമാക്കാതെ കുടിക്കുവാനുള്ള അവകാശം

·        വിഷവായു ധാരാളമായി ശ്വസിക്കാനുള്ള അവകാശം

·        കാതികൂടത്തും കൂടംകുളത്തും സമരം ചെയ്യാനും തല്ലു കൊള്ളാനുമുള്ള സ്വാതന്ത്ര്യം

·        എന്‍ഡോസള്‍ഫാന്‍ തളിക്കാനും എന്‍ഡോസള്‍ഫാന്‍ മഴ നനയാനും നനയാതിരിക്കാനും തല വീര്‍ത്ത കുഞ്ഞുങ്ങളെ പ്രസവിക്കാനുമുള്ള അവകാശം

·        തെരുവില്‍ ജനിക്കാനും തെരുവില്‍ വളരാനും തെരുവില്‍ മരിക്കാനുമുള്ള സ്വാതന്ത്ര്യം

·        ജോലി തെണ്ടി അലയാനും മറുനാടുകളില്‍ പോയി പത്താംതരം മനുഷ്യരായി ജീവിക്കാനുമുള്ള അവകാശം

·        മതത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടാനും ആരുമറിയാതെ മറഞ്ഞു പോകാനുമുള്ള സ്വാതന്ത്ര്യം

·        നേതാവിനും നേതാവിന്‍റെ മക്കള്‍ക്കും പിന്നെ മക്കള്ടെ മക്കള്‍ക്കും വോട്ടു ചെയ്ത് സായൂജ്യമടയാനുള്ള അവകാശം.

·        സോണിയ ഗാന്ധിയോടും രാഹുലിനോടും വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.

·        സെക്രട്ടേറിയറ്റ്‌ വളയുകയോ  സെക്രട്ടേറിയറ്റിനുള്ളിലിരുന്നു വളയപ്പെടുകയോ ചെയ്യാം.

·        ലോകോത്തര ഗട്ടറ്കുഴിയില്‍ വീണു മരിക്കാനുള്ള സ്വാതന്ത്ര്യം

·        സരിതാവിജയം ആട്ടക്കഥ കുന്തിച്ചിരുന്നു കണ്ടു കഥയറിയാതെ അന്തം വിടാം.

·        ഏറ്റുമുട്ടലുകളിലും ആകാശത്തേക്കുള്ള വെടിവെപ്പിലും മരിച്ചു വീഴാനുള്ള സ്വാതന്ത്ര്യം.

·        സ്വാതന്ത്ര്യ പരേഡ് ടീവിയില്‍ കാണാനും രോമാഞ്ചം കൊള്ളാനുമുള്ള നിതാന്ത സ്വാതന്ത്ര്യം
.
ബാക്കി ഉള്ളവ നിങ്ങള്‍ കണ്ടെത്തുക 

Friday 9 August 2013

ജസീറയുടെ സെക്രട്ടേറിയറ്റ്‌ സമരം


  ആഗസ്ത് രണ്ടിന് ടെലിവിഷനും മൂന്നിന് പത്രങ്ങളും ലഘുവായി അവതരിപ്പിച്ച വാര്‍ത്തയാണിത്.മഴയും വെയിലും കൊണ്ട് വാടിത്തളര്‍ന്ന കുട്ടികളുമായി അവരവിടെ തന്നെയുണ്ട്.പുത്യങ്ങാടി കടപ്പുറത്തിന്റെ മണല്‍ തീരങ്ങള്‍ക്ക് ഉറപ്പു നല്കാന്‍ ഇവര്‍ക്കാവുമോ,നമുക്കാവുമോ? എല്ലാം  ശക്തമായി നേരിടുന്ന മധുര മനോജ്ഞ ജനാധിപത്യത്തിലല്ലേ നമ്മള്‍ കഴിയുന്നത്‌!

നമ്മള്‍ കേള്‍ക്കുന്നതത്രയും സത്യമാണെങ്കില്‍ ,അത്ര മാത്രമാണ് സത്യമെങ്കില്‍ , ജസീറയും മക്കളും ശ്ലാഘിക്കപ്പെടേണ്ടതാണ്.കടല്‍ തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു,കടല്‍ മണല്‍ മാഫിയക്കെതിരെ ,ഒരു വീട്ടമ്മയും മൂന്നു മക്കളും തുടങ്ങിവെച്ച സമരം ശരിക്കും അത്ഭുതപ്പെടുത്തി.ഇങ്ങെനെയൊക്കെ സമരം ചെയ്യാന്‍ നമുക്കിപ്പോഴും കഴിയുന്നുണ്ടല്ലോ.ഒറ്റക്കിതിനു ഇറങ്ങിത്തിരിക്കാന്‍ മാത്രം തീവ്രമായ പ്രതികരണശേഷിപ്പുകള്‍ ഇനിയും ഉണ്ടല്ലോ.



  ജസീറയുടെ സമരാവേശത്തോളം തന്നെ അത്ഭുതപ്പെടുത്തി പൊതുസമൂഹവും പാരിസ്ഥിതികക്കാരും ഇടതുപക്ഷക്കാരും ചൊരിഞ്ഞ അവഗണന . തിരുവനന്തപുരത്ത് ധാരാളമുള്ള വംശങ്ങളാണിവ,എന്നി
ട്ടും.
  ഈ സമരങ്ങളുടെ ഗതിയെന്താണ്? ഇറോം ഷര്‍മിള വര്‍ഷങ്ങളായി സഹന സമരം നടത്തിയിട്ടെന്തായി? ഗാന്ധിയന്‍ സമര മാര്‍ഗങ്ങളെ പുഛ്ചിക്കുന്ന ഭരണകൂടങ്ങള്‍ക്ക് ഇതൊക്കെ നേരംപോക്ക് മാത്രം.

 ഭൌതിക ശാസ്ത്രത്തില്‍ എനിക്കിന്നും മനസ്സിലായിട്ടില്ലാത്ത ഒരു ശാസ്ത്ര ശഠതയാണ് work=force x displacemnet. പരത്തിപ്പറഞ്ഞാല്‍ സ്ഥാനഭ്രംശം ഉണ്ടാക്കാത്ത ഒരു ബലപ്രയോഗവും പ്രവൃത്തിയാകുന്നില്ല.തൃശൂരില്‍ നിന്നും ഒരു ഉന്തുവണ്ടിയുന്തി കൊച്ചിയിലെത്തി ,തിരിച്ചു തൃശൂരിലെത്തിച്ചാല്‍ ഒരു ജോലിയും ചെയ്യപ്പെട്ടിട്ടില്ല. അവനൊഴുക്കിയ വിയര്‍പ്പു നിഷ്ഫലം. ഈ നിഷ്ഫലതയല്ലേ ഈ സമരങ്ങളിലെ വേദന . ഭൌതിക സാഹചര്യങ്ങളില്‍ എനിക്ക് തിരിയാതെ പോയ ശാസ്ത്ര സൂത്രം ജൈവപരിസ്ഥിതികളില്‍ എനിക്കിന്നു  മനസ്സിലാവുന്നുണ്ട്.

 വര്‍ഷങ്ങള്‍ക്കു മുമ്പ്,തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍,വിജയന്‍ മാഷ് അവസാനമായി  ഉദ്ധരിച്ച വരികളോര്‍ക്കുകയാണ്-

   എതിര്‍പ്പുണ്ടെങ്കില്‍ അത് പറയുക.
   അവര്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ ആക്ക്രോശിക്കുക
   എന്നിട്ടും അവര്‍ നിങ്ങളെ കേള്‍ക്കുന്നില്ലെങ്കില്‍
   നിങ്ങളുടെ ചെരുപ്പൂരി അവരുടെ കരണത്തടിക്കുക
   എന്നിട്ട് വീണ്ടും വിളിച്ചു പറയുക . അവര്‍ കേള്‍ക്കും