അല്ല ,വെറുതെയല്ല ഒന്നും. വെറുതെയല്ല മൌനം പോലും . വെറുതെയാവുന്നില്ല ശൂന്യതയും

Wednesday, 28 January 2015

വിട്ടു വീഴ്ചയില്ലാത്ത 25 വര്‍ഷങ്ങള്‍

വിട്ടു വീഴ്ചയില്ലാത്ത 25 വർഷങ്ങൾ
(25 years of uncompromising love)
ഒരേ പോലെ പോക്കിരികളായ രണ്ടു പേർ ഇരുപത്തഞ്ചുവർഷങ്ങൾ പങ്കിട്ട് തീർത്തത് ഞെട്ടലോടെയാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്.ആ ഞെട്ടൽ ആവുന്ന മട്ടിൽ ആഘോഷിക്കുകയും ചെയ്തു.വിട്ടു വീഴ്ചയില്ലാത്ത ഇരുപത്തഞ്ച് വർഷങ്ങളെ(25 years of uncompromising love എന്ന് വി കെ എൻ തർജ്ജമ ) 'വെള്ളിയാട' ചാർത്തി മക്കൾ ആദരിച്ചു.അമ്പതു വർഷമാകുമ്പോൾ പൊന്നാട ചാർത്താമെന്ന് പ്രലോഭനവുമുണ്ട്.

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ് ജനുവരിയിൽ  ഒരു താടിക്കാരൻ തൃശ്ശൂരിലെ പോസ്ടോഫീസുകളിൽ നിന്ന്  മുന്നൂറ് പോസ്ട് കാർഡ് വാങ്ങുന്നു.ഇരുപുറത്തും M എന്നുഴുതിയ അരപ്പവൻ താലി വാങ്ങുന്നു.ജുബയും മുണ്ടും വാങ്ങുന്നു.ഒരു വിവാഹത്തിനുള്ള തയ്യാറെടുപ്പായിരുന്നു അത്.

കല്ല്യാണവിളംബരം  ,രഘുനാഥ് എന്ന സുഹൃത്ത് സൗജന്യമായി തന്ന തൃശൂർ മേൽവിലാസത്തിൽ ,രജിസ്ട്രാപ്പീസിന്റെ ബോർഡിൽ തൂങ്ങിക്കഴിഞ്ഞിരുന്നു.
പതിനഞ്ചു പൈസയുടെ പുലിത്തല സ്റ്റാമ്പിന്റെ ബലത്തിൽ മഞ്ഞക്കാർഡുകൾ പലയിടത്തേക്കും പറന്നു പോയി.തൃശൂരിലെ ലൂമിയർ പ്രസുകാർ(അരവിന്ദേട്ടനും ഷേണായിയും)അച്ചടിച്ചു തന്ന മനോജിന്റെ മയിൽപ്പീലിയും ,മോഹനും മിനിയും സുഹൃത്തുക്കളേയും സഖാക്കളേയും കഷ്ണിക്കുന്നു എന്ന സ്നേഹാക്ഷരങ്ങളുമായിരുന്നു കാർഡിലെ അലങ്കാരങ്ങൾ.കാർഡ് കിട്ടിയും കാര്യം കേട്ടറിഞ്ഞും വന്നു ചേർന്ന സുഹൃത്തുക്കൾ,സഖാക്കൾ,സഹപാഠികൾ.രജിസ്ടറിൽ സാക്ഷിയൊപ്പിട്ട് അലോഷ്യസ്.രജിസ്ടാപ്പീസിലെ കാര്യങ്ങൾ എളുപ്പമാക്കിത്തന്ന അവിടത്തെ സ.പ്രദീപ്,SFI യുടെ സ.ജോസഫ്,സ.നന്ദേട്ടൻ.എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന് വിനയൻ.വിവാഹത്തിനു ശേഷം താമസിക്കാൻ തങ്ങളുടെ ഗോർബി ഹൗസ് ഒഴിഞ്ഞു തരികയും ഞങ്ങളുടെ കുടുംബമായി അവതരിക്കുകയും ചെയ്ത പ്രിയ സഖാക്കൾ-വിജയൻ,നന്ദൻ,മനോജ്,രവീന്ദ്രൻ,ഉണ്ണി.വടക്കാഞ്ചേരിയിലെ കല്യാണമണ്ഡപം കുറഞ്ഞ നിരക്കിൽ നല്കുകയും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലടപ്രഥമൻ സൗജ ന്യമായി വിളമ്പുകയും ചെയ്ത ജയശ്രീ ഹാൾ ഉടമ.
എങ്കിലും ഞങ്ങളുടെ ഇഷ്ടമല്ല നിന്റെ ഇഷ്ടം നടക്കട്ടെ എന്ന് വേദപുസ്തകത്തോളം വേദന ചങ്കിലൊതുക്കി നിന്ന അപ്പച്ചൻ,അമ്മച്ചി.കല്ല്യാണത്തിന് പച്ചക്കൊടി ശരിയാക്കിയെടുത്ത അനുജൻ,അനിയത്തി.

മെഡിക്കൽ കോളേജ്  ഗേറ്റിൽ നിന്ന് ടൗൺ ഹാൾ വരെയുള്ള മൗനദൂരത്തിൽ എന്നെ അംഗീകരിച്ച അച്ഛൻ.ആദ്യം അമ്പരപ്പോടേയും പിന്നെ പൂർണ്ണ മനസ്സോടെയും സ്നേഹിച്ച് മകനായെന്നെ ദത്തെടുത്ത സ്നേഹത്തിന്റെ കരുതൽശേഖരം,അമ്മ.

ഞങ്ങൾക്കു പിറന്നു പോയിട്ടും നല്ല മക്കളായി വളർന്നു വന്ന അപ്പു,അമ്മു.ഞങ്ങളെ നേർവഴിക്ക് നടത്തുന്ന പക്വമതികൾ.ഞങ്ങളുടെ പ്രണയകാല ഗീർവാണങ്ങൾ ക്ഷമയോടെ കേട്ടിരിക്കുന്ന അഭിനയ പടുക്കൾ.

ഓർമ്മകളിങ്ങനെ നിരത്തിവെച്ചത് നന്ദി പറഞ്ഞും കൃതഞ്ജത കൂക്കിയും ബന്ധങ്ങളും സൗഹൃദങ്ങളും അപായപ്പെടുത്താനല്ല.ഓർമ്മകൾ ഓർത്തെടുത്ത് ഒതുക്കിവെക്കുമ്പോൾ ജീവിതത്തിനൊരു തെളിച്ചം.പുതിയ വെളിച്ചങ്ങൾ വന്നു വീഴുന്ന പോലെ.സ്വയം പവിത്രീകരിക്കപ്പെടുന്ന പോലെ. മാലിന്യസംസ്ക്കരണം മനുഷ്യരിലും നല്ലതാണ്. പ്രത്യേകിച്ചും ഇരുപത്തഞ്ച് വർഷമൊക്കെ പഴകുമ്പോൾ.

Sunday, 8 June 2014

ഇതാണ് പാലങ്ങളുടെ കുഴപ്പം

ഞാനിപ്പോഴും വിശ്വസിക്കുന്നു,പാർട്ടി നാശത്തിന്റെ കൊക്കയിലേക്ക് വീണത് സെക്റട്ടേറിയറ്റ് വളവിൽ വെച്ച് തടന്നെയാണ്. ടി പി വധം പാർട്ടി വകയല്ലെന്നും അഥവാ അങ്ങനെയാണെങ്കിൽ അത് പാർട്ടി വിരുദ്ധമല്ലെന്നും സ്വയം ബോധ്യപ്പെടുത്താനുള്ള നെഞ്ചുറപ്പൊക്കെ പ്റബുദ്ധരായ കേഡർമാർക്കുണ്ട്.(ബഹുഭൂരിപക്ഷത്തിനെങ്കിലും).ടിപി വധം അസ്വസ്ഥമാക്കിയത് ഇടതു പക്ഷം ചേർന്നു നടന്ന അർദ്ധവിശ്വാസികളെയാണ്. അവർ വശവും ദിശയും മാറി നടന്നു തുടങ്ങി .
എത്റയോ നാൾ കാത്തിരുന്നു കിട്ടിയ സമരാവേശത്തിലായിരുന്നു കേഡർമാർ രണ്ടായിരത്തിപ്പതിമൂന്ന് ആഗസ്ത് പന്ത്റണ്ടിന് തിരുവനന്തപുരിയിലെത്തിക്കാണുക.അവരുടെ തലയിലാണ്,പിറ്റേ ദിവസം ഒത്തുതീർപ്പിന്റെ ഓടത്തീർത്ഥം ഒഴിച്ചതും ഇനി നിങ്ങൾ പൊയ്ക്കോളൂ എന്ന് നേതാക്കൾ ആശീർവദിച്ചതും.

എങ്ങോട്ട് പോണം എന്ന് അന്ന് നേതാക്കൾ പറഞ്ഞില്ലെങ്കിലും മാസങ്ങൾക്ക്ശേഷം കണ്ണൂരിൽ ആ 'വഴി കാണിക്കൽ 'ചടങ്ങ് നടന്നു. ബീജേപിക്കാർ ആജന്മശത്റുക്കളൊന്നുമല്ലെന്നും ആത്മമിത്റങ്ങളാക്കാവുന്ന അർദ്ധശത്റുക്കൾ മാത്റമാണെന്നും വാസുസഖാവിന്റ ചുവന്ന മാല വിളിച്ചു കൂവി.അന്ന് കമ്മീഷൻ ചെയ്ത 'ചോകാ' പാലത്തിലൂടെയാണ് കേഡർമാർ പാർട്ടിയിൽ നിന്നും നടന്നു പോയത്.

ഇതാണ് ഈ പാലങ്ങളുടെ കുഴപ്പം .ഒരു പാലമിട്ടാൽ ഇങ്ങോട്ടും അങ്ങോട്ടുമാണ്.

posted from Bloggeroid

Friday, 25 April 2014

പ്രണയത്തിന്റെ സംഘനൃത്തങ്ങള്‍


മക്കള്‍ ഇടക്കിടക്ക് ചോദിക്കും-

- ആഴ്ച്ചയില്‍  ഏഴുവട്ടം വഴക്കിടുന്ന നിങ്ങള്‍ എങ്ങനെയാണ് പ്രണയിച്ചത്? എന്തിനാണ് വിവാഹം കഴിച്ചത്?

ഞാനപ്പോള്‍ പ്രണയവര്ഷങ്ങള്‍ ഒതുക്കി വെച്ച ഓര്‍മ്മക്കുട്ടകള്‍ തുറന്നു ഇരുപതുകാരന്റെ  കള്ളച്ചിരിയെടുത്തു മുഖത്തു ചേര്‍ത്തു വെക്കും.

വിത്ത്‌ വീണു പോയ അപ്പൂപ്പന്‍ താടികള്‍
ഓര്‍മ്മകളുടെ ഓസോണ്‍ തുളകളിലൂടെ പറന്നു മറയും.

- മക്കളേ,കാല്‍പ്പനികതയുടെ ബഹിരാകാശത്തേക്ക് ഉയര്‍ന്നുയര്‍ന്ന്‍ പൊട്ടിത്തെറിച്ചു പോകുമായിരുന്ന ഒരു ജീവനെ പ്രണയത്തിന്റെ ഭാരം കെട്ടിത്തൂക്കി ഭൂമിയിലൂടെ നടത്തിച്ചവളാണ് ഈ കാമുകി.ഈ ഭാര്യ.നിങ്ങളുടെ അമ്മ.

 മിനി,മെഡിക്കല്‍ കാമ്പസിലെ ഓര്‍മ്മകള്‍  തിരിച്ചു പിടിച്ച് ചുവന്നു തുടുക്കും.

- മക്കളേ,പ്രണയം ഒരതിജീവനസൂത്രമാണ് .ജീവിതത്തിന്റെ ഒഴുക്ക് വെല്ലുവിളിക്കപ്പെടുമ്പോള്‍ പ്രണയം കൊണ്ടതിനെ നേരിടും.പ്രണയിച്ചു മടുക്കുമ്പോള്‍ കലഹിച്ചു രസിക്കും.അത് പ്രണയത്തിന്റെ രാസത്വരകതന്ത്രം .

- വാട്ട്? വാട്ട്? രാസത്വ ?

- കാറ്റലൈസിംഗ്  ലവ് .

മെഡിക്കല്‍ കോളേജ് കാമ്പസ്സിലെ പഴയ ഇരുപതുകാരുടെ കള്ളച്ചിരി അപ്പോള്‍ മക്കള്‍ സ്വന്തമാക്കും.

- യു പീപ്പിള്‍ ആര്‍ വെരി നോട്ടി ,അച്ചാ..അമ്മാ ...

ഞങ്ങളെല്ലാവരും കൂടി കെട്ടിപ്പിടിച്ചു ചിരിച്ചു കുഴഞ്ഞു മറിയും.

അതെ,ദാമ്പത്യത്തിലെ പ്രണയം ഇത് പോലെയുള്ള സംഘനൃത്തമാണ് .

പഴയ പോലെയുള്ള യുഗ്മഗാനമല്ല.

Wednesday, 1 January 2014

അജ്ഞാത മൃതന് പ്രണാമം

അനവധി  അറബിക്കുറിപ്പുകളൊട്ടിച്ച്  വൃത്തികേടാക്കിയ വാതില്‍ തുറന്ന് ക്വാഷ്വാലിറ്റിയിലേക്ക് കടക്കുമ്പോള്‍ , തെക്കേ ചുമരും ചാരി നിന്ന് വയസ്സന്‍ ഘടികാരം ഘോരഘോരം ഛര്‍ദ്ദിക്കുകയായിരുന്നു.
ണേം -- ണേം ---ണേം -
ജനുവരി   ഒന്ന്‍    രണ്ടായിരത്തിപ്പതിമൂന്ന്‍

ക്വാഷ്വാലിറ്റി മുറിയില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വേച്ചു വേച്ചു വരുന്നു.

"ഇങ്ങോട്ട് വരേണ്ട ഡോക്ട്ടരേ ഇയാളല്ലേലുംപോയിക്കിടക്കുവാ.ക്വാഷ്വാലിറ്റി ഡോക്ട്ടര്‍ വെറുതെ ഒന്ന്‍ ഇന്‍ടുബേറ്റ് ചെയ്തെന്നേയുള്ളൂ .ന്യൂ ഇയര്‍ ആയിട്ട് ഇത് കണി കാണേണ്ട " സിസ്റ്റര്‍മാര്‍ സ്നേഹപൂര്‍വ്വം വിലക്കുന്നു.

"നമുക്ക് പറഞ്ഞിട്ടുള്ള കണി ഇതായിരിക്കും .സാരമില്ല "
കര്‍ട്ടന്‍ മാറ്റി രോഗിയുടെ അടുത്തേക്ക്‌ .

മലം,മൂത്രം,ഛര്‍ദ്ദില്‍. ത്രുവേണീ സംഗമം .നിര്‍വാണസുഖത്തില്‍ മൃതന്‍.മുഖത്ത് മരണത്തിന്‍റെ സ്വച്ഛത.
പേര് -----  അറിയില്ല...അണ്‍നോണ്‍ ..അജ്ഞാതന്‍
രാജ്യം -----അറിയില്ല.സ്വര്‍ഗ്ഗമോ നരകമോ --ആ  അറിയില്ല.
നിറം ------ മുഖത്തു നിന്ന് നെഞ്ചിലേക്ക് ഒലിച്ചിറങ്ങുന്ന ഛര്‍ദിലിന്റെയും അടിയില്‍ നിന്ന്‍ നുരഞ്ഞു പതയുന്ന മലത്തിന്‍റെയും പീതഭരിതവര്‍ണ്ണം .


 ക്വാഷ്വാലിറ്റി പേപ്പറില്‍ പലവട്ടം എഴുതിയുറപ്പിച്ചു കഴിഞ്ഞ മരണത്തിനു കീഴില്‍ മറ്റൊരു കുറിപ്പ് കൂടി ചേര്‍ത്ത് ,മരണം അരക്കിട്ടുറപ്പിച്ച്  ഞാന്‍ ഐസീയുവിലെ ഡ്യൂട്ടി മുറിയിലേക്ക് മടങ്ങി.

മുറിയിലെത്തുമ്പോഴേക്കും വാക്കുകള്‍ കൂടിച്ചേര്‍ന്നും മുറിഞ്ഞു പിരിഞ്ഞും ഏതാനും വരികള്‍.കവിതയൊന്നുമായിട്ടല്ല , എഴുതാന്‍ സുഖമുള്ള കുറേ വരികള്‍.
അതിങ്ങനെ ,..

2013ലെ ജനുവരി പിറക്കുന്നത്‌

പതിമൂന്നിലെ ജനുവരി പിറന്നത്‌ 
ക്വഷാലിടിയിലെ അവസാന ബെഡിലാണ്.
പന്ത്രണ്ടിലെ അവസാന പന്ത്രണ്ടടിക്കുമ്പോള്‍
അവസാനക്കിടക്കയില്‍ ഒരു അത്യാസന്ന രോഗി .
(അതോ ആദ്യത്തെ കിടക്കയോ ?
തല തിരിഞ്ഞവന് എന്ത് ആദ്യം,അന്തം,കുന്തം)

തൊണ്ടയിലേക്ക്‌ ടുബിരങ്ങുന്ന തിന്‍ മുന്‍പ്‌ 
അയാളൂരിവിട്ട മലമൂത്രപ്രകമ്പനങ്ങള്‍
അവസാന കിടക്കയിലെ മാദക മലക്കൂമ്പാരം
പരിമളം,പെരുംനാറ്റം .

പെരും നാറ്റത്തിലേക്ക് പെറ്റ് എറിയപ്പെട്ട
എന്‍റെ പതിമൂന്നിലെ ജനുവരി.
പെരും നാറിക്ക് ചേര്‍ന്ന
വരും വര്‍ഷപ്പുലരി.


എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒഴുകിത്തീരുകയോ ഒഴിവായിപ്പോവുകയോ ചെയ്ത കാവ്യനിളയുടെ സ്നേഹം നിറഞ്ഞ തിരിച്ചൊഴുക്കായിരുന്നു അത്.

ഹൌസ്സര്‍ജന്‍സിയും കോളേജ് മാഗസിന്‍ പ്രവര്‍ത്തനവും കൂടിക്കുഴഞ്ഞ  ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തൊന്പതില്‍ പൂട്ടി വെച്ച എഴുത്താവേശത്തിന്റെ  താക്കോല്‍ ,എവിടെ നിന്നാണ് ഇയാള്‍, ഈ അജ്ഞാതന്‍, മൃതന്‍ കണ്ടെടുത്തത് ?

കൂമ്പിപ്പോയ രസമുകുളങ്ങളെ എന്ത് രസതന്ത്രം കൊണ്ടാണ് ഇയാള്‍ ഉത്തേജിപ്പിച്ഛത് ?

മലവും മൂത്രവും മരണവും കൂട്ടിക്കുഴച്ച് എന്ത് ആഭിചാരക്രിയയാണ്  ഇയാള്‍ എന്നില്‍ നടത്തിയത്?

രണ്ടായിരത്തിപ്പതിമൂന്ന്‍ ജനുവരി ഒന്ന് മുതല്‍ എഴുതിപ്പോയ എല്ലാ വാക്കുകളും വരികളും വായാടിത്തങ്ങളും ,ഇനി എഴുതി ഉണ്ടാക്കാവുന്ന എല്ലാ തൊന്തരവുകളും ഞാന്‍ അങ്ങേക്ക് ,അജ്ഞാത മൃതന് സമര്‍പ്പിക്കുന്നു.നിര്‍ദ്ദയം .
പ്രണാമം 
----------------------------------------------------------------------------------
അജ്ഞാത മൃതന്‍  എന്ന് വേണോ അജ്ഞാത മൃതദേഹം  എന്ന് വേണോ എന്നാ സന്ദേഹം രണ്ടാഴ്ച്ചയോളം ഞാന്‍ കൊണ്ടുനടന്നു.ഒടുവില്‍ പ്രണാമം അജ്ഞാത മൃതന് സമര്‍പ്പിച്ചു. അജ്ഞാതനും മൃതനുമാണെങ്കിലും ,പദാന്ത്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന 'ന്‍'കാരം കൊണ്ടായിരിക്കാം അജ്ഞാത മൃതന് ഒരുണര്‍ച്ചയും തുടര്‍ച്ചയുമുണ്ട്.

അജ്ഞാത മൃതദേഹം  അസഹ്യമായ അനാഥത്വം അവതരിപ്പിക്കുന്നു.

മോഹന്‍ 


Friday, 27 December 2013

പുസ്തകക്കെട്ടിലേക്ക്

       ഗള്‍ഫന്മാര്‍ ബോധപൂര്‍വം ഉണ്ടാക്കിയെടുക്കുന്ന ഒരു രോഗാവസ്ഥയുണ്ട്. പ്രവാസദുഃഖം-നഷ്ടബോധം-ഗൃഹാതുരത്വം എന്നിവയൊക്കെ തരാതരം പോലെ ചേര്‍ത്തെടുത്തൊരു ഗള്‍ഫ് സിന്‍ഡ്രോം. പിന്നെ ഇത് മറികടക്കനുള്ള ശ്രമങ്ങളാണ്. പൊതുപ്രവര്‍ത്തനം,പള്ളി,അമ്പലം,കമ്മിറ്റികള്‍,തുലാത്തിലും വൃശ്ചികത്തിലും നടക്കുന്ന ഓണാഘോഷങ്ങള്‍,ജനുവരി ഫെബ്രുവരി മാസങ്ങളിലെ ക്രിസ്ത്മസ്,ഫേസ് ബുക്ക് ,ബ്ലോഗ്‌ എന്നിവയൊക്കെയാണ് നിലവിലുള്ള ചികിത്സാവിധികള്‍. തരക്കേടില്ലാത്ത സ്ഥിരവരുമാനക്കാര്‍ക്ക് ശമ്പളദിവസങ്ങളില്‍ നേരിയ രോഗശമനമുണ്ടാകും.
 അമ്മയും ഭാര്യയും മക്കളും കൂടെയുണ്ടായിട്ടും ഈ സിന്‍ഡ്രോം ഞാനും കൊണ്ട് നടന്നിരുന്നു. കുറച്ചു നാളത്തെ പ്രതിരോധശ്രമങ്ങള്‍ക്കുശേഷം ഞാന്‍ വളര്‍ത്തിയെടുത്ത അതിജീവന ആയുധങ്ങളായിരുന്നു,വായനയും യാത്രയും എഴുത്തും. ജൂണ്‍-ജൂലായ്‌ മാസങ്ങളിലെ വാഷികാവധിദിവസങ്ങളിലെ പ്രമുഖ സന്തോഷങ്ങള്‍ പുസ്തകക്കെട്ടുകളുടെ ശേഖരണവും യാത്രകളുമാണ്.വിവിധ ഓണ്‍ലൈന്‍ പുസ്തകക്കടകളില്‍ നിന്ന് ഒരു വര്ഷം നീണ്ടു നില്‍ക്കുന്ന വാങ്ങലുകള്‍ കെട്ടുകെട്ടായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ കാത്തിരിക്കുന്നുണ്ടാവും.അവയില്‍ എനിക്കും മക്കള്‍ക്കുമുള്ളതായ വലിയൊരു അക്ഷരപ്രപഞ്ചം വിങ്ങി നില്‍ക്കുന്നുണ്ടാവും. ഇരുപത്തഞ്ചു-മുപ്പതു കിലോയോളം പുസ്തകങ്ങളുമായാണ് തിരിച്ചു പറക്കല്‍. ബാക്കിയുള്ളവ പലപ്പോഴായി എത്തിച്ചു തരുന്ന സുഹൃത്തുക്കള്‍ക്ക് നന്ദി. നാട്ടിലേക്കുള്ള പറക്കലും ഇത് പോലൊരു കെട്ടുമായിട്ടാണ്,വായിച്ചു തീര്‍ന്ന പുസ്തകങ്ങള്‍.
  നിരക്ഷരനെന്നു വിനയപ്പെടുന്ന,അതീവ സാക്ഷരനായ മനോജ്‌ രവീന്ദ്രന്‍റെ കുറിപ്പാണ്,കഴിഞ്ഞ വര്‍ഷം വായിച്ച പുസ്തകങ്ങളുടെ ഒരു കണക്കെടുക്കാന്‍ പ്രേരണയായത്. പട്ടിക തയ്യാറായിക്കഴിഞ്ഞപ്പോള്‍ ഇത്രയൊക്കെ വായിച്ചല്ലോ എന്ന ആത്മസംതൃപ്തി . ഈ വലിയ സന്തോഷത്തിന് നിരക്ഷരനും നന്ദി.



പുസ്തകങ്ങള്‍ ----

എസ.കെ. പൊറ്റക്കാടിന്റെ കഥകള്‍
ഭൂമിയുടെ കാവല്‍ക്കാരന്‍ - അയ്യപ്പന്‍
ദല്‍ഹി ഗാഥകള്‍ - മുകുന്ദന്‍
ഹൈമവതഭൂവില്‍ - വീരേന്ദ്രകുമാര്‍
ചിതയിലെ വെളിച്ചം – എം.എന്‍.വിജയന്‍
നല്ലവനായ യേശുവും വഞ്ചകനായ ക്രിസ്തുവും- ഫിലിപ് പുള്‍മാന്‍
ആമേന്‍ - ജെസ്മി
സഞ്ചാരസാഹിത്യം വോള്യം ഒന്ന് –എസ.കെ പൊറ്റക്കാട്
എന്‍റെ വൈദികജീവിതം –ഒരു തുറന്നെഴുത്ത്  -ഷിബു.കെ.പി
ഒരുവള്‍ നടന്ന വഴികള്‍ - സാറാ ജോസഫ്‌
മഞ്ഞവെയില്‍ മരണങ്ങള്‍ - ബെന്യാമിന്‍
ലിയോനാര്‍ഡോ ഡാവിഞ്ചി – സത്യന്‍ കല്ലുരുട്ടി
സംഭാഷണങ്ങള്‍ - എം.എന്‍.വിജയന്‍
ഓഹരിയിലൂടെ എങ്ങനെ നേട്ടം കൊയ്യാം – പൊറിഞ്ചു വെളിയത്ത്
ദേസ്തയോവ്സ്ക്കി – ജി.എന്‍.പണിക്കര്‍
ഹിമാലയ നാമ നഗാധി രാജ – എം.സ്വര്‍ണ്ണലത
സ്വരഭേദങ്ങള്‍ - ഭാഗ്യലക്ഷ്മി
collected stories – Marquez
ലാവലിന്‍ രേഖകളിലൂടെ – സി.ആര്‍.നീലകണ്ഠന്‍
ഒരു ദേശത്തിന്റെ കഥ – പൊറ്റക്കാട് –തുടരുന്നു
collected works – Franz Kafka – തുടരുന്നു
ഈ കൂട്ടത്തില്‍ വായിച്ചു പോയതില്‍ ഇന്നും പശ്ചാത്തപിക്കുന്ന ,രണ്ടു പുസ്തകങ്ങളാണ് ,ആമേനും എന്‍റെ വൈദികജീവിതവും..ആദ്യത്തേത് ഏതു പോലീസുകാരനും പറ്റാവുന്ന തെറ്റായിരുന്നെങ്കില്‍ രണ്ടാമത്തേത് എന്‍റെ ‘ഒളിഞ്ഞു നോട്ട വായനക്ക്’ കിട്ടിയ ശിക്ഷയായിരുന്നു.ശിക്ഷ ഫലിച്ചു.ഇപ്പോള്‍ അത്തരം പുസ്തകങ്ങള്‍ ഔട്ട്‌ 
.
അനേകം പാര്‍ശ്വഫലങ്ങളുള്ള ഒരു ഗുളികയായിരുന്നു ‘ഹൈമവതഭൂവില്‍’. യാത്രാനുഭവത്തേക്കാള്‍ പുരാണകഥകളുടെ ഒരു ശേഖരമാണ് ഈ പുസ്തകം. ഒരു ഹിമാലയ യാത്രക്ക് മോഹിപ്പിക്കുന്നില്ല ഈ പുസ്തകം.അത് ചെയ്തത് സ്വര്‍ണ്ണലതയുടെ പുസ്തകമാണ് .

 സഞ്ചാരസഹിത്യം-ഇതായിരുന്നു യഥാര്‍ത്ഥ യാത്രാനുഭവം .ഇതിന്റെ രണ്ടാം വോല്യും മോഹിപ്പിച്ചു കൊണ്ട് അലമാരയിലിരുപ്പുണ്ട്.

ഭൂമിയുടെ കാവല്‍ക്കാരന്‍ എന്‍റെ കവിതയുടെയും സങ്കടങ്ങളുടെയും കാവല്‍ക്കാരനാണ്‌.ഏപ്പോഴും കൂടെയുണ്ട്
 .
മഞ്ഞവെയില്‍ മരണങ്ങള്‍ ,ഞങ്ങള്‍ തൃശൂര്‍ക്കാര്‍ക്ക് –ഇടിവെട്ട് സാധനം ഗഡീ
 എല്ലാ കൂട്ടുകാര്‍ക്കും വായനാ സമ്പന്നമായ ഒരു രണ്ടായിരത്തി പതിനാല് ആശംസിക്കുന്നു.

മോഹന്‍ 

Thursday, 19 December 2013

മരണത്തില്‍ കരയുന്നത്

ഓപ്പറേഷന്‍ തിയേറ്ററിനു  മുന്നിലെ ഇടനാഴിയിലൂടെയുള്ള  അന്നത്തെ വരവ് വ്യത്യസ്തമായിരുന്നു .ചുറ്റുമുള്ളവരുമായി ചിരിച്ചും രസിച്ചും നല്ലതും ചീത്തയും പറഞ്ഞും ഒരാരവമായിരുന്നു മുമ്പൊക്കെ ആ വരവ്.ഇന്നിതാ
ഏകനായി ,തല കുനിച്ചു,അത്ര നിശ്ചയം പോരാത്ത കാലടികളുമായി  എസ്സാം ബാബ (ഡോ.എസ്സാം) നടന്നു വന്നു.

സുഖ(രോഗ)വിവരങ്ങളും പറഞ്ഞ് ,കൈ പിടിച്ച് കണ്‍സള്‍ട്ടന്റ്സ്  മുറിയില്‍ കൊണ്ടിരുത്തുംപോള്‍  അറുപത്തഞ്ചു  വര്‍ഷം ഓടിത്തീര്‍ത്തതിന്റെ പലസ്തീനിയന്‍  കിതപ്പ് ശല്യപ്പെടുത്തി.മേശപ്പുറത്തെ എക്സ് റേകളിലേക്കും മെഡിക്കല്‍ റിപ്പോര്‍ട്ടുകളിലേക്കും ചൂണ്ടിപ്പറഞ്ഞു-എല്ലാം നോര്‍മ്മലാണ്.പക്ഷേ ഒന്നും അത്ര നോര്‍മ്മലായിരുന്നില്ല.                                               മരണത്തിന്‍റെ വിരൂപലിപികള്‍ വെളുത്ത മുഖത്ത് വിളര്‍ത്തു കിടന്നിരുന്നു. കുറച്ചു സമയം കൂടെയിരുന്ന് തിരിച്ചു പോരുമ്പോള്‍ ,അപസ്വരങ്ങളില്ലാതെ നല്‍കിയ അഞ്ചെട്ട് നിമിഷങ്ങള്‍ക്കായിട്ടായിരിക്കാം ,അദ്ദേഹം നന്ദി പറഞ്ഞു.

വൈകുന്നേരം ഡൂട്ടി റൂമില്‍ ചെന്ന്  കിടന്നപ്പോള്‍ ,പത്തു വര്‍ഷത്തെ ഓര്‍മ്മക്കെട്ടുകളുമായി എസ്സാം ബാബ വീണ്ടും വന്നു,പ്രാഞ്ചി പ്രാഞ്ചി ,മനസ്സിന്‍റെ പടി കടന്ന്. കലഹിച്ചും ചിരിച്ചും വഴക്കിട്ടും വഴങ്ങിയും കഴിഞ്ഞു പോയ ഒരു പാട്  നേരങ്ങളുടെ തിരച്ചിത്രങ്ങളുമായി ഞങ്ങളങ്ങനെ കൂനിക്കൂടിയിരുന്നു.കുറേ നേരം.നല്ല നേരങ്ങള്‍ക്ക് ഞാന്‍ അദ്ദേഹത്തേയും ചീത്ത നേരങ്ങള്‍ക്ക് എന്നെയും ന്യായീകരിച്ചു കളിച്ചു.

സത്യം.ഞാന്‍ അത്ഭുതപ്പെട്ടില്ല,എന്തു കൊണ്ടിപ്പോള്‍ ഈ പുനര്‍വായനയെന്നു്. ഓര്‍മ്മപ്പെടുത്തലുകളുടേയും പൊറുക്കലുകളുടെയും ഈ മുഹൂര്‍ത്തം അബോധമനസ്സ് കുറിച്ചു കഴിഞ്ഞിരുന്നു.

പിറ്റേന്ന്  ഉച്ചക്ക് ബാബയുടെ മരണം കൂട്ടുകാര്‍ വിളിച്ചു പറഞ്ഞപ്പോള്‍  എന്നിട്ടും ഞാന്‍ പതറിപ്പോയി.മിനിയും കൂട്ടിയെത്തുമ്പോള്‍,എത്രയോ കാലം ജോലി ചെയ്ത  ICU വില്‍ ,അഞ്ചാം നമ്പര്‍ കിടക്കയില്‍ ,അദ്ദേഹം വെള്ള പുതച്ചു കിടന്നു. ക്ഷമാപണഭാവത്തില്‍ ഒരു വെന്റിലേറ്റര്‍ അരികില്‍ തല കുനിച്ചു നിന്നു.

കാല്‍ക്കല്‍ നിശബ്ദനായി ഞാന്‍ നിന്നു.രണ്ടു മിനിട്ടോളം. ശാന്തമായ ആ രണ്ടു നിമിഷങ്ങള്‍ക്കും ബാബ നന്ദി പറഞ്ഞിരിക്കാം.

മാസ്സലാമ.
-----------------------------
അന്നത്തെ ഡയറി യിലിങ്ങനെ എഴുതിപ്പോയി............
  മരണത്തില്‍ കരയുന്നത് അടുപ്പങ്ങള്‍ മാത്രമല്ല.
  അകലങ്ങലുമാണ്.
  ലോഹ്യങ്ങള്‍ മാത്രമല്ല.കലഹങ്ങളുമാണ്.
  വണക്കങ്ങള്‍  മാത്രമല്ല ,പിണക്കങ്ങളുമാണ്.

Thursday, 12 September 2013

മരണചിന്തകള്‍


ആഗസ്ത് 21
ഓപ്പറേഷന്‍ തിയേറ്ററിലെ വസ്ത്രധാരണ മുറിയില്‍ അവന്‍ കിടന്നു.തിയേറ്ററിലേക്കുള്ള നീലക്കുപ്പായങ്ങളണിഞ്ഞു്,ക്യാപ്പ് വെച്ച്,മാസ്ക് കെട്ടി കൈകളില്‍ ഗ്ലൌസുകളിട്ടു്,ഒരു കോമാളിയെപ്പോലെ അവന്‍ മരിച്ചു കിടന്നു .ഒരു ഇരുപത്തിനാലുകാരിയുടെയും മൂന്നു മാസക്കാരിയുടെയും ജീവിതങ്ങള്‍ കാരുണ്യവാനായ ദൈവം ജപ്തി ചെയ്തെടുത്തു.കാരണം കാണിക്കാതെ,നോട്ടീസില്ലാതെ. കൂട്ടുകാരെല്ലാം നേരിട്ട് ചെന്ന് വിട പറഞ്ഞപ്പോള്‍ ഞാന്‍ പുറത്തു നിന്നു. അതിനൊക്കെ ഇനിയും നേടിയെടുക്കേണ്ട ഒരു പാട് മനക്കരുത്ത് വേണം. അത് കൊണ്ട് മനസ്സ് കൊണ്ട് ഒരു മാസ്സലാമ.

സെപ്റ്റംബര്‍ 5
രാത്രി ഒന്‍പതരക്ക് നേഴ്സുമാരുമായി വന്ന വാന്‍ മൂന്ന് നാല് വട്ടം തലകുത്തി മറിഞ്ഞു നിന്നപ്പോള്‍ ഒരാള്‍ റോഡില്‍ നിശ്ചലയായി കിടന്നു.കൂട്ടുകാര്‍ വേദനകൊണ്ടും ഭയം കൊണ്ടും വാവിട്ടുകരഞ്ഞപ്പോള്‍ ഒരാള്‍ മാത്രം നിശബ്ദമായി ജീവിതത്തില്‍നിന്ന് ഇറങ്ങി നടന്നു. ഉപചാരപൂര്‍വ്വം ചരമ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തെങ്കിലും ആ നിശ്ചല ശരീരത്തിലേക്ക് നോക്കിയില്ല. കരഞ്ഞു തളരുന്ന ഒരച്ഛന്റേയും മകളുടെയും ചലന ചിത്രം കണ്ണുകളില്‍ ജലമറയിട്ടു കഴിഞ്ഞിരുന്നു.

തൊഴില്‍ ചമയങ്ങളോടെ അവര്‍  മറഞ്ഞുപോയി. രാജിവെക്കാതെ,വിടപറയാതെ, ഞങ്ങള്‍ പറയുമായിരുന്ന നല്ല വാക്കുകള്‍ക്ക് കാത്തു നില്‍ക്കാതെ, അവര്‍ പിരിഞ്ഞു പോയി.

ഇത്ര ധൃതിയിലെന്തിനാണ് അവര്‍ പോയത്? അതും ഇത്ര ദൂരത്തേക്ക്!

ആകസ്മികതകള്‍  കൊണ്ടും നഷ്ടങ്ങളുടെ പെരുപ്പം കൊണ്ടും ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുമ്പോഴും, മരണം അതിന്റെ വൈവിധ്യം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തും. ഒന്നോ രണ്ടോ കരച്ചില്‍ അകമ്പടി സേവിക്കുന്ന ഒരു ഏകജാലക സംവിധാനം മാത്രമാണ് ജനനം. മരണമോ? എത്രയോ ദിവസം നീണ്ടു നില്‍ക്കുന്ന കരച്ചിലുകള്‍,വിങ്ങലുകള്‍,വേദന ചേര്‍ത്ത ഓര്‍മ്മകള്‍ .

മരണം ചിലപ്പോള്‍ ഇരകളെ ഒറ്റക്കൊറ്റക്ക്‌ പിടികൂടുന്നു.ചിലപ്പോള്‍ കൂട്ടത്തോടെ. ചിലപ്പോള്‍ നാം അവനെ ക്ഷണിക്കുന്നു. ചിലരെ അവന്‍ വന്നു ക്ഷണിക്കുന്നു. ചിലപ്പോള്‍ കൂട്ടത്തോടെ യുധ്ദമുഖത്തേക്കെറിഞ്ഞു വറുത്തെടുക്കുന്നു. വെള്ളത്തിലേക്ക് താഴ്ത്തി അലിയിച്ചു കളയുന്നു. കൊട്ടത്തേങ്ങ തലയില്‍ വീഴ്ത്തി കളിയാക്കിക്കൊല്ലുന്നു .ചോരയില്‍ കുതിര്‍ത്തിക്കളയുന്നു ചിലപ്പോള്‍. ചിലപ്പോള്‍ രക്ത രഹിത വിപ്ലവം. എന്തൊരു വൈവിധ്യം. ദൈവത്തെക്കാള്‍ വലിയ ശില്പ്പിയോ മരണം?

ജീവിതമെന്ന തിരനാടകത്തിലെ അവാര്‍ഡുകളെല്ലാം മരണത്തിനു തന്നെ. നല്ല കഥയും തിരക്കഥയും അവന്റേത്. നല്ല പശ്ചാത്തലവും സംഗീതവും അവനൊരുക്കിയത്. ഒറ്റ സീനിലെ തകര്‍പ്പന്‍ അഭിനയത്തിലൂടെ നല്ല നടനും അവന്‍ തന്നെ.


ജനനത്തോടെ തുടങ്ങുന്ന സംഭവങ്ങളെല്ലാം മരണത്തോടെ ഓര്‍മകളാവുന്നു. നിറം മങ്ങിത്തുടങ്ങിയ സംഭവങ്ങള്‍ അപ്പോള്‍ നീറിപ്പിടിക്കുന്ന ഓര്‍മ്മകളാവും. നമ്മളോരോരുത്തരും ഓര്‍മ്മകളാവുന്നത് വരെ അത് നീറി നീറി നില്‍ക്കും.