ആഗസ്ത് 21
ഓപ്പറേഷന്‍ തിയേറ്ററിലെ
വസ്ത്രധാരണ മുറിയില്‍ അവന്‍ കിടന്നു.തിയേറ്ററിലേക്കുള്ള നീലക്കുപ്പായങ്ങളണിഞ്ഞു്,ക്യാപ്പ്
വെച്ച്,മാസ്ക് കെട്ടി കൈകളില്‍ ഗ്ലൌസുകളിട്ടു്,ഒരു കോമാളിയെപ്പോലെ അവന്‍ മരിച്ചു
കിടന്നു .ഒരു ഇരുപത്തിനാലുകാരിയുടെയും മൂന്നു മാസക്കാരിയുടെയും ജീവിതങ്ങള്‍
കാരുണ്യവാനായ ദൈവം ജപ്തി ചെയ്തെടുത്തു.കാരണം കാണിക്കാതെ,നോട്ടീസില്ലാതെ. കൂട്ടുകാരെല്ലാം
നേരിട്ട് ചെന്ന് വിട പറഞ്ഞപ്പോള്‍ ഞാന്‍ പുറത്തു നിന്നു. അതിനൊക്കെ ഇനിയും
നേടിയെടുക്കേണ്ട ഒരു പാട് മനക്കരുത്ത് വേണം. അത് കൊണ്ട് മനസ്സ് കൊണ്ട് ഒരു
മാസ്സലാമ.
സെപ്റ്റംബര്‍ 5
രാത്രി ഒന്‍പതരക്ക്
നേഴ്സുമാരുമായി വന്ന വാന്‍ മൂന്ന് നാല് വട്ടം തലകുത്തി മറിഞ്ഞു നിന്നപ്പോള്‍ ഒരാള്‍
റോഡില്‍ നിശ്ചലയായി കിടന്നു.കൂട്ടുകാര്‍ വേദനകൊണ്ടും ഭയം കൊണ്ടും വാവിട്ടുകരഞ്ഞപ്പോള്‍ ഒരാള്‍ മാത്രം നിശബ്ദമായി ജീവിതത്തില്‍നിന്ന് ഇറങ്ങി നടന്നു.
ഉപചാരപൂര്‍വ്വം ചരമ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തെങ്കിലും ആ നിശ്ചല ശരീരത്തിലേക്ക്
നോക്കിയില്ല. കരഞ്ഞു തളരുന്ന ഒരച്ഛന്റേയും മകളുടെയും ചലന ചിത്രം കണ്ണുകളില്‍
ജലമറയിട്ടു കഴിഞ്ഞിരുന്നു.
തൊഴില്‍ ചമയങ്ങളോടെ അവര്‍ മറഞ്ഞുപോയി. രാജിവെക്കാതെ,വിടപറയാതെ, ഞങ്ങള്‍ പറയുമായിരുന്ന നല്ല വാക്കുകള്‍ക്ക്
കാത്തു നില്‍ക്കാതെ, അവര്‍ പിരിഞ്ഞു പോയി.
ഇത്ര ധൃതിയിലെന്തിനാണ് അവര്‍
പോയത്? അതും ഇത്ര ദൂരത്തേക്ക്!
ആകസ്മികതകള്‍ കൊണ്ടും
നഷ്ടങ്ങളുടെ പെരുപ്പം കൊണ്ടും ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുമ്പോഴും, മരണം
അതിന്റെ വൈവിധ്യം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തും. ഒന്നോ രണ്ടോ കരച്ചില്‍ അകമ്പടി
സേവിക്കുന്ന ഒരു ഏകജാലക സംവിധാനം മാത്രമാണ് ജനനം. മരണമോ? എത്രയോ ദിവസം നീണ്ടു നില്‍ക്കുന്ന
കരച്ചിലുകള്‍,വിങ്ങലുകള്‍,വേദന ചേര്‍ത്ത ഓര്‍മ്മകള്‍ .
മരണം ചിലപ്പോള്‍ ഇരകളെ
ഒറ്റക്കൊറ്റക്ക് പിടികൂടുന്നു.ചിലപ്പോള്‍ കൂട്ടത്തോടെ. ചിലപ്പോള്‍ നാം അവനെ
ക്ഷണിക്കുന്നു. ചിലരെ അവന്‍ വന്നു ക്ഷണിക്കുന്നു. ചിലപ്പോള്‍ കൂട്ടത്തോടെ
യുധ്ദമുഖത്തേക്കെറിഞ്ഞു വറുത്തെടുക്കുന്നു. വെള്ളത്തിലേക്ക് താഴ്ത്തി അലിയിച്ചു
കളയുന്നു. കൊട്ടത്തേങ്ങ തലയില്‍ വീഴ്ത്തി കളിയാക്കിക്കൊല്ലുന്നു .ചോരയില്‍ കുതിര്‍ത്തിക്കളയുന്നു
ചിലപ്പോള്‍. ചിലപ്പോള്‍ രക്ത രഹിത വിപ്ലവം. എന്തൊരു വൈവിധ്യം. ദൈവത്തെക്കാള്‍ വലിയ
ശില്പ്പിയോ മരണം?
ജീവിതമെന്ന തിരനാടകത്തിലെ
അവാര്‍ഡുകളെല്ലാം മരണത്തിനു തന്നെ. നല്ല കഥയും തിരക്കഥയും അവന്റേത്. നല്ല
പശ്ചാത്തലവും സംഗീതവും അവനൊരുക്കിയത്. ഒറ്റ സീനിലെ തകര്‍പ്പന്‍ അഭിനയത്തിലൂടെ
നല്ല നടനും അവന്‍ തന്നെ.
ജനനത്തോടെ തുടങ്ങുന്ന സംഭവങ്ങളെല്ലാം
മരണത്തോടെ ഓര്‍മകളാവുന്നു. നിറം മങ്ങിത്തുടങ്ങിയ സംഭവങ്ങള്‍ അപ്പോള്‍
നീറിപ്പിടിക്കുന്ന ഓര്‍മ്മകളാവും. നമ്മളോരോരുത്തരും ഓര്‍മ്മകളാവുന്നത് വരെ അത്
നീറി നീറി നില്‍ക്കും.
No comments:
Post a Comment