ആഗസ്ത് പതിനെട്ട്
ഓര്‍മ്മകളിലെ ആദ്യകാല ജന്മദിനങ്ങള്‍ക്ക് വറുത്തു പൊടിക്കുന്ന ചെറുപയറിന്‍റെ മണമാണ്. അതിരാവിലെ എഴുന്നേറ്റു അപ്പച്ചനും അമ്മച്ചിയും പിറന്നാള്‍ പായസത്തിന്‍റെ പണി തുടങ്ങും. അന്നൊക്കെ ഞങ്ങള്‍ കുഗ്രാമക്കാര്‍ക്ക് അതൊരു പണി തന്നെയാണ്. പയസക്കിറ്റുകളൊന്നുമില്ല. പരിപ്പ് പോലും ചെറുപയര്‍ വറത്തുണ്ടാക്കണം. ഞങ്ങള്‍ കുട്ടികളുടെ ഉറക്കത്തെ ശല്യപ്പെടുത്താതെ ഒതുക്കത്തിലവര്‍ ജോലി ചെയ്യും.
പായസം കാലായി വരുമ്പോള്‍ ഒരു ആറു മണിയൊക്കെ ആവും. അപ്പോള്‍ അപ്പച്ചന്‍ ഒരു തവി പഞ്ചസാരയുമായി തട്ടി വിളിക്കും. കണ്ണ് തിരുമ്പി പായയില്‍ തന്നെ ഇരിക്കുന്ന എന്‍റെ വായിലേക്ക് ആ പഞ്ചാര വെച്ചു തരും.”നല്ല കുട്ടിയായി വളരണം ട്ടോ.” അമ്മച്ചി സ്നേഹത്തോടെ പറയും.അപ്പച്ചന്‍ വാത്സല്യം കൊണ്ട് വിറയ്ക്കുന്ന കൈകള്‍ പുറത്തും തലയിലും ചേര്‍ത്തു വെക്കും.ഞങ്ങള്‍ ആ കരുതലുകളുടെ പുളച്ചിലില്‍ വെറുതെ വിതുമ്പും.അപ്പോള്‍ വറുത്തു പൊടിച്ച ചെറുപയറിന്റെ മണം അടുപ്പത്തു തിളയ്ക്കുന്ന പായസത്തേയും തോല്‍പ്പിച്ചു മൂക്കിലേക്കടിച്ചു കയറും. മിഠായികളില്ല. ഹാപ്പി ബെര്‍ത്ത് ഡേ പാട്ടുകളില്ല. സുഹൃത് സത്ക്കാരങ്ങളില്ല. പക്ഷേ ,അന്ന് മുഴുവന്‍ ആ സ്നേഹപ്പെയ്ത്തില്‍ ഞങ്ങള്‍ കുതിര്‍ന്നു കിടക്കും .
വര്‍ഷങ്ങള്‍ കടന്നു പോകവേ ,ജന്മദിനങ്ങളില്‍ നിന്ന് ആദ്യം പഞ്ചാര സ്പൂണും പിന്നെ പായസവും നിശബ്ദം ഇറങ്ങിപ്പോയി.
പിന്നെ ഒരുപാടു ജന്മദിനങ്ങള്‍ എനിക്കും ലോകത്തിനും വേണ്ടാത്ത പോലെ കഴിഞ്ഞുപോയി.
ജന്മദിനപ്പകലുകളിലേക്ക് നിറമുള്ള പൂക്കള്‍ പാറിവീഴുന്നത് ആഗസ്ത് മാസത്തിലെ പ്രേമക്കാറ്റിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസകാലം. ആഗസ്ത് പതിനെട്ടിന് രാവിലെ കിട്ടുന്ന ആശംസാകാര്‍ഡിനുള്ളില്‍ കെട്ടിപ്പിടിക്കാന്‍ വെമ്പുന്ന ഒരു കൊച്ചു ഹൃദയം കലപില കൂട്ടുന്നുണ്ടാവും. അപ്പോഴും എവിടെ നിന്നോ ചെറുപയര്‍ പരിപ്പിന്റെ മണം വന്നു നിറയും
.
ഗൃഹസ്ഥാശ്രമത്തില്‍ ജന്മദിനങ്ങള്‍ അപ്പുവും അമ്മുവും മിനിയും അമ്മയും ചേര്‍ന്ന സന്തോഷവേളകളായി. ചിലപ്പോള്‍ ചെറിയ സമ്മാനങ്ങള്‍, കൊച്ചു തമാശകള്‍,അത്ഭുതപ്പെടുത്തലുകള്‍.പയസത്തിളപ്പിന്റെ മധുരത്തിലേക്ക്, തീറ്റ പ്രിയനായ എനിക്ക്, കോഴി ബിരിയാണിയുടെ എരിവുകൂടി ചേര്‍ത്തു വെച്ചു , സ്നേഹത്തിന്‍റെ കരുതല്‍ ശേഖരമായ അമ്മ.
ഇന്നിതാ ഒരു ജന്മദിനം കൂടി.
പിറന്നാളിന്റെ ആദിമഗന്ധം നുകരാന്‍ ഞാന്‍ ചെന്ന് നില്‍ക്കട്ടെ ,പഴയ മൂന്ന് മുറി വീടിന്‍റെ അടുക്കള വാതില്ക്കല്‍ . ഒരു നുള്ള് പഞ്ചസാര വായിലിട്ട് നുണഞ്ഞ്.
ഉണ്ട് ,ഇപ്പോഴും സിരകളിലേക്ക് കിനിഞ്ഞിറങ്ങുന്നുണ്ട്,വറത്തു പൊടിച്ച ചെറുപയറിന്റെ സ്നേഹഗന്ധം.
മോഹന്‍
No comments:
Post a Comment